Wednesday, January 7, 2009

പക






മരിച്ചിട്ടും
എന്‍റെ
വന്യമായ കണ്ണുകള്‍
നിന്‍റെ മനസിലേക്ക്
ഒരു കഠാരപ്പിടിയോളം
ആഴുന്നുണ്ട്.
വിഷം നിറച്ച
ഒരു കോപ്പകവിതയ്ക്കു വേണ്ടി
നിന്നെ ഞാന്‍ ഒറ്റു കൊടുക്കും.
മരിച്ചവന്‍റെ ഒറ്റ്.

കണ്ണു ചൂഴ്ന്നു പോയിട്ടും
മഴയുടെ ആര്‍ദ്രതയെപ്പറ്റി
പ്രാണവായു കവര്‍ന്നു പോയിട്ടും
പ്രണയത്തിന്‍റെ പടക്കപ്പലുകളെപ്പറ്റി
പച്ചമണ്ണിന്‍റെ നനവിലേക്ക് ഒടുങ്ങിയ
ഞങ്ങളുടെ മുഖം മൂടിയണിഞ്ഞ്
ജലക്രീഡയ്ക്കു കോപ്പു കൂട്ടുന്നവരെപ്പറ്റിയും
ഇപ്പോഴും മധുരിക്കുന്ന
നിന്‍റെ കവിത.
(നിന്‍റെ മുഖം മൂടി വരികള്‍).

ക്ഷമിക്കരുത്
എനിക്കു പകയാണ്.
മരിച്ചവന്‍റെ പക.

മാനസാന്തരത്തിന്‍റെ
സ്വര്‍ഗത്തിലേക്കുള്ള
വെളുത്ത വിരലുകള്‍
ഞാനിപ്പോഴും ചുംബിക്കുന്നില്ല.
എനിക്കു വിഷം നിറച്ച
ഒരു കോപ്പ കവിത മതി.

No comments: