Sunday, January 4, 2009

സുഹൃത്തിന്‍റെ ശ്മശാനലേഖം


















ശീട്ടുപായ്ക്കറ്റിലെ
ഗ്യാരണ്ടി കാര്‍ഡില്‍
ആത്മകഥയുടെ
ശ്മശാനലേഖമുണ്ടെന്നവന്‍.
അതില്‍ പായ്ക്കറ്റ് പുതുക്കാമെന്നതൊഴികെ
മറ്റൊന്നും ഞാന്‍ കണ്ടില്ല.

ഇന്നലെയുമവന്‍ വന്നു
പറ‍‍ഞ്ഞു, പഴയ പ്രശ്നം.
‘അവള്‍ക്കൊരു ജാരന്‍’
ഫോണ്‍ തലയ്ക്കലെ മുറുമുറുപ്പ്
നിസംഗത.
മഷിമണം മാറാത്ത
പത്രമെടുത്തു മടങ്ങവെ
ചില്ലു ജനാലകള്‍ക്കപ്പുറം കണ്ട

നിഴലിളക്കം.

ഞാനൊന്നും പറഞ്ഞില്ല
ബിയറില്‍
"തളത്തില്‍ ദിനേശ"നെയോര്‍ത്ത്
തലയറഞ്ഞ് ചിരിച്ചു.
അപ്പോഴൊക്കെ‌‌
ശീട്ടു കൊട്ടാരം തകര്‍ന്ന്
അവന് മുറിവേറ്റു.
ഗ്യാരണ്ടികാര്‍ഡിന്‍റെ
ഒരു തൂണുമാത്രം
ഇളകാതെ നിന്നത്രേ!!!

ഇന്നലെ വെളുപ്പിന്
അവന്‍ മരിച്ചു.
കുരിശുകളുടെ സമുദ്രത്തിലേക്ക് മടങ്ങി.
മരിപ്പിന് ഞാന്‍ പോയില്ല.
യക്ഷിക്കഥകളിലേതു പോലെ
ഒരു പുകമരമായി
അവനിരുളിലേക്കിറങ്ങുന്നത്
സങ്കല്പിച്ചു.

അവന്‍റെ
ഭാര്യയുടെ
മുലകള്‍ക്കിടയിലെ മറുകില്‍
ഒരു പുകമണം.
­പുറകില്‍ നിന്നായിരുന്നു
കുരുക്ക്.
അവന്‍ കണ്ടില്ല,
കണ്ടില്ലായിരിക്കാം­

No comments: