Saturday, January 3, 2009

നമുക്കിടയിലെ സിനിമ









എന്‍റെ
അനന്തമായ മൗനങ്ങളുടെ
ബോധം ‌
ഏതോ പൂര്‍വലിപിയില്‍
ചേക്കേറുന്നതും
ഇല പകര്‍ച്ചകളില്‍
ഒരു മഴത്തുള്ളി
പിടഞ്ഞു ചാവുന്നതും
കുതിര്‍ന്ന
കടലാസു പൊതികളില്‍
കരുതി വച്ച മുട്ടായികള്‍
അലി‍ഞ്ഞൊടുങ്ങുന്നതും
നോക്കിനിന്നു.

എന്‍റെ മനസ്
ഇറുകിയ കുപ്പായത്തിനുള്ളിലായിരുന്നു
ഒന്നും ചെയ്തില്ല.
കരഞ്ഞതു പോലും.
അമ്മയുടെ കരഞ്ഞ കണ്ണുകള്‍
ഒരു ചൂണ്ടക്കൊളുത്തിന്‍റെ വേദനയില്‍
എന്നെ കോര്‍ത്തു പിടഞ്ഞു
ജലവേഗങ്ങള്‍ ഞാന്‍ മറന്നു പോയിരുന്നു.

നീ പേടിക്കും,
എനിക്കറിയാം.
16 എംഎം സിനിമയുടെ
ക്ലൈമാക്സ് കണ്ടതുപോലെ
ഇറങ്ങിപ്പോകുക.
ഒരു ഫ്രയിമും മനോഹരമാവില്ല.
അടക്കിയ നിലവിളി നീ കേള്‍ക്കില്ല.
നിഴല്‍ പോലെ കണ്ടത്
കണ്ണടയ്ക്കപ്പുറം ഉപേക്ഷിച്ചേക്കുക.
പൂവില്‍ വീണ ചോരത്തുള്ളികള്‍
തിരിച്ചു വിളിക്കില്ല
നിന്നെ.