Thursday, January 8, 2009

ഒരു നായാട്ടു കവിത (വക്കുടഞ്ഞ വാക്കുകളില്‍)
















ഇരകളുടെ
രാജാക്കന്‍മാരെന്ന്
മേനിനടിച്ചവര്‍
വെള്ളപൂശി
വേട്ടക്കാരായി.
ഇരകളായി നിന്ന്
അവര്‍
ഇരകളെ വേട്ടയാടി.

അവസാനത്തെ
ഇരയും
വേട്ടയാടപ്പെടുന്നതു വരെ
കുടീരത്തില്‍
ഒളിച്ചിരുന്നവര്‍
ചരിത്രത്തില്‍
വാഴ്തപ്പെട്ടു.
ഇരകളെ
നിങ്ങള്‍ക്കെന്തിനാണ്
രാജാക്കന്‍മാരുടെ
ചുവപ്പു കുപ്പായം
എന്നു ചോദിച്ചവന്‍റെ
തിളയ്ക്കുന്ന വിയര്‍പ്പും
കണ്ണീരിന്‍റെ തീത്തുള്ളിയും
പുറന്തള്ളപ്പെട്ടു.

ഒടുവില്‍
സത്യം ദര്‍ശിച്ചവര്‍
ആണിയടിക്കട്ടെ
എന്ന
വരിതെറ്റി നീങ്ങിയവന്‍റെ
നിലവിളി
ആരും കേട്ടില്ല.

ആദ്യത്തെ
ആണി തറഞ്ഞത്
അവന്‍റെ
നാവിലായിരുന്നു.

Wednesday, January 7, 2009

പക






മരിച്ചിട്ടും
എന്‍റെ
വന്യമായ കണ്ണുകള്‍
നിന്‍റെ മനസിലേക്ക്
ഒരു കഠാരപ്പിടിയോളം
ആഴുന്നുണ്ട്.
വിഷം നിറച്ച
ഒരു കോപ്പകവിതയ്ക്കു വേണ്ടി
നിന്നെ ഞാന്‍ ഒറ്റു കൊടുക്കും.
മരിച്ചവന്‍റെ ഒറ്റ്.

കണ്ണു ചൂഴ്ന്നു പോയിട്ടും
മഴയുടെ ആര്‍ദ്രതയെപ്പറ്റി
പ്രാണവായു കവര്‍ന്നു പോയിട്ടും
പ്രണയത്തിന്‍റെ പടക്കപ്പലുകളെപ്പറ്റി
പച്ചമണ്ണിന്‍റെ നനവിലേക്ക് ഒടുങ്ങിയ
ഞങ്ങളുടെ മുഖം മൂടിയണിഞ്ഞ്
ജലക്രീഡയ്ക്കു കോപ്പു കൂട്ടുന്നവരെപ്പറ്റിയും
ഇപ്പോഴും മധുരിക്കുന്ന
നിന്‍റെ കവിത.
(നിന്‍റെ മുഖം മൂടി വരികള്‍).

ക്ഷമിക്കരുത്
എനിക്കു പകയാണ്.
മരിച്ചവന്‍റെ പക.

മാനസാന്തരത്തിന്‍റെ
സ്വര്‍ഗത്തിലേക്കുള്ള
വെളുത്ത വിരലുകള്‍
ഞാനിപ്പോഴും ചുംബിക്കുന്നില്ല.
എനിക്കു വിഷം നിറച്ച
ഒരു കോപ്പ കവിത മതി.

കടല്‍പ്പാലം തീരുന്പോള്‍



അവിടെ,
ആ ബിന്ദുവില്‍
കടല്‍പ്പാലം തീരുകയാണ്.

എന്താണ് കാലുകളിടറാത്തതെന്നത്
എന്നത് പഴകിയ ബിംബം.
അപായച്ചങ്ങലയില്‍ തൂങ്ങിയാടുന്ന‌
എന്‍റെ ഏകാന്തത.
മനസിലിടിക്കുന്ന കാടന്‍ സംഗീതം
പതിവു വിട്ട്
ബെല്ലി ജോയല്‍ പോലെ ശാന്തം.

ജീവിതം,
ഹസ്തരേഖാ ശാസ്ത്രജ്ഞന്‍റെ
ഭൂതക്കണ്ണാടിക്കപ്പുറം മാത്രം.
അക്ഷരക്കൂട്ടുകളില്ലാത്ത
ആ വാക്കിലേക്ക് യാത്ര.
നഷ്ടകുണ്ഡലങ്ങളുടെ
മനസുകളെ
ചരിത്രത്തിനു പോലും വേണ്ടന്ന്
പലതവണ

തലതിരിച്ചു വായിച്ചുകുഴ‍ഞ്ഞു.

എങ്കിലും
ബീഡിക്കറപുരണ്ട
കറുത്ത ചുണ്ടില്‍
വ്യാകുലതകളുടെ ചൂളം വിളി.
ഒടുങ്ങുന്നവന്‍റെ ഭയം
വിട!


ഇവിടെ,
ഈ കാല്ചുവടിന്‍റെ ശൂന്യതയില്‍
കടല്‍പ്പാലം തീര്‍ന്നിരിക്കുന്നു.
ഇനി…………..

Sunday, January 4, 2009

അന്യോന്യം



എന്‍റെ നിലക്കണ്ണാടി
ഒരു പൊട്ടിത്തകര്‍ന്ന മുഖം.
­ ­­(ങ്ഹും! നിന്‍റെ വരണ്ട മുഖരേഖയല്ലേ­)

ഓര്‍മ്മയുടെ ഭൂപടത്തില്‍
ചതഞ്ഞ റോസാദലം.
എന്‍റെ സ്വപ്നം.
(­ നീയിപ്പോഴും പഴയ സ്വപ്നജീവി തന്നെ­)

സമവാക്യങ്ങള്‍ കൊത്തിയുടച്ച
സ്നേഹം വീണു പൊള്ളിയ
എന്‍റെ ഹൃദയം.
­ (നിന്‍റെ നരച്ച ഹൃദയം, ത്ഫൂ!­)

സമവാക്യങ്ങളുടെ വലതുവശത്ത്
മൗനം കനത്ത ഒരു പൂജ്യം
ജീവിതം.
(­പിന്നേ…. ജീവിതം പോലും)­

പ്രണയരക്തം പുരണ്ട
ഒരേയൊരു കവിത.
നിന്നെക്കുറിച്ച് ഒരു
ലിഖിതം.
(­നട്ടപിരാന്ത്­)

പിന്നെ കടലൊടുങ്ങാത്ത മിഴിബാക്കി

സുഹൃത്തിന്‍റെ ശ്മശാനലേഖം


















ശീട്ടുപായ്ക്കറ്റിലെ
ഗ്യാരണ്ടി കാര്‍ഡില്‍
ആത്മകഥയുടെ
ശ്മശാനലേഖമുണ്ടെന്നവന്‍.
അതില്‍ പായ്ക്കറ്റ് പുതുക്കാമെന്നതൊഴികെ
മറ്റൊന്നും ഞാന്‍ കണ്ടില്ല.

ഇന്നലെയുമവന്‍ വന്നു
പറ‍‍ഞ്ഞു, പഴയ പ്രശ്നം.
‘അവള്‍ക്കൊരു ജാരന്‍’
ഫോണ്‍ തലയ്ക്കലെ മുറുമുറുപ്പ്
നിസംഗത.
മഷിമണം മാറാത്ത
പത്രമെടുത്തു മടങ്ങവെ
ചില്ലു ജനാലകള്‍ക്കപ്പുറം കണ്ട

നിഴലിളക്കം.

ഞാനൊന്നും പറഞ്ഞില്ല
ബിയറില്‍
"തളത്തില്‍ ദിനേശ"നെയോര്‍ത്ത്
തലയറഞ്ഞ് ചിരിച്ചു.
അപ്പോഴൊക്കെ‌‌
ശീട്ടു കൊട്ടാരം തകര്‍ന്ന്
അവന് മുറിവേറ്റു.
ഗ്യാരണ്ടികാര്‍ഡിന്‍റെ
ഒരു തൂണുമാത്രം
ഇളകാതെ നിന്നത്രേ!!!

ഇന്നലെ വെളുപ്പിന്
അവന്‍ മരിച്ചു.
കുരിശുകളുടെ സമുദ്രത്തിലേക്ക് മടങ്ങി.
മരിപ്പിന് ഞാന്‍ പോയില്ല.
യക്ഷിക്കഥകളിലേതു പോലെ
ഒരു പുകമരമായി
അവനിരുളിലേക്കിറങ്ങുന്നത്
സങ്കല്പിച്ചു.

അവന്‍റെ
ഭാര്യയുടെ
മുലകള്‍ക്കിടയിലെ മറുകില്‍
ഒരു പുകമണം.
­പുറകില്‍ നിന്നായിരുന്നു
കുരുക്ക്.
അവന്‍ കണ്ടില്ല,
കണ്ടില്ലായിരിക്കാം­

Saturday, January 3, 2009

നമുക്കിടയിലെ സിനിമ









എന്‍റെ
അനന്തമായ മൗനങ്ങളുടെ
ബോധം ‌
ഏതോ പൂര്‍വലിപിയില്‍
ചേക്കേറുന്നതും
ഇല പകര്‍ച്ചകളില്‍
ഒരു മഴത്തുള്ളി
പിടഞ്ഞു ചാവുന്നതും
കുതിര്‍ന്ന
കടലാസു പൊതികളില്‍
കരുതി വച്ച മുട്ടായികള്‍
അലി‍ഞ്ഞൊടുങ്ങുന്നതും
നോക്കിനിന്നു.

എന്‍റെ മനസ്
ഇറുകിയ കുപ്പായത്തിനുള്ളിലായിരുന്നു
ഒന്നും ചെയ്തില്ല.
കരഞ്ഞതു പോലും.
അമ്മയുടെ കരഞ്ഞ കണ്ണുകള്‍
ഒരു ചൂണ്ടക്കൊളുത്തിന്‍റെ വേദനയില്‍
എന്നെ കോര്‍ത്തു പിടഞ്ഞു
ജലവേഗങ്ങള്‍ ഞാന്‍ മറന്നു പോയിരുന്നു.

നീ പേടിക്കും,
എനിക്കറിയാം.
16 എംഎം സിനിമയുടെ
ക്ലൈമാക്സ് കണ്ടതുപോലെ
ഇറങ്ങിപ്പോകുക.
ഒരു ഫ്രയിമും മനോഹരമാവില്ല.
അടക്കിയ നിലവിളി നീ കേള്‍ക്കില്ല.
നിഴല്‍ പോലെ കണ്ടത്
കണ്ണടയ്ക്കപ്പുറം ഉപേക്ഷിച്ചേക്കുക.
പൂവില്‍ വീണ ചോരത്തുള്ളികള്‍
തിരിച്ചു വിളിക്കില്ല
നിന്നെ.