Thursday, January 14, 2010

പാണ്ഡു



ഉള്ളും പുറവും
ഉരുകിപ്പടര്‍ന്ന്
ചോരമണത്ത്
മാംസം പൊള്ളിച്ച്
സ്വയം ചത്തുമലര്‍ന്ന്
തറഞ്ഞുകയറിയിരിക്കുകയാണ്
നിന്‍റെ കുരുന്നു ഹൃദയത്തില്‍
ഞാന്‍ .
ഈയമുടഞ്ഞ വെടിയുണ്ട.

കാട്ടുതെറ്റീ,
നിന്‍റെ പുക്കിള്‍‍വടിവിലെക്ക് ഒലിച്ചിറങ്ങിയ
താപബാഷ്പങ്ങളില്‍
ആത്മഗതങ്ങള്‍ ‍‍ തര്‍പ്പണം ചെയ്ത്
ധമനിതുരങ്കത്തിലൂടെ വരെ
വെടിയുപ്പ് പടര്‍ത്തി
ഞാന്‍ പാഞ്ഞിറങ്ങുന്പോള്‍
അപരപര്‍വത്തിന്‍റെ
ആദ്യവരിയിലേക്ക് പോലും
നീ പുളയാതിരുന്നത്
എന്റെ പുറംതോടുകൊണ്ട് കണ്ടു.
ചിമിഴടയുന്ന
നിന്‍റെ കണ്ണെത്തുംവരെ
നോക്കിയിട്ടും
ഇലഞരന്പുകളില്‍
എന്‍റെ ഒരു ചുംബനവും
കത്തിയമര്‍ന്നതു കണ്ടില്ല.

തളര്‍ന്ന തലകുനിച്ച്
മരിക്കുന്നു.
പരാജിതന്‍ .
ഇനി ഞാനില്ല
നീ മാത്രം.
നിന്‍റെ മക്കള്‍ ഒരിതിഹാസം.