Tuesday, September 21, 2010

മഴവില്ല് മോഷ്ടിച്ച കുട്ടി




എന്നാലും എന്നോടിതു വേണ്ടായിരുന്നു.
മേഘങ്ങളുടെ കുടികിടപ്പുകാരനായതുകൊണ്ടാണ്
മഴവില്ലിലെ വയലറ്റ് നിറം ഞാന്‍ കട്ടെടുത്തത്.
മഴയുടെ മുഖത്ത് തേയ്ക്കാനാണെന്ന്
കള്ളവും പറഞ്ഞു.
ഇന്ന്,
അമ്മയുടെ വയലറ്റ് ഉമ്മയിലാണ്
ഞാനുണര്‍ന്നത്.
കണ്ണുതിരുമ്മി പുറത്തെത്തി നോക്കിയപ്പോഴുണ്ട്
മുറ്റത്തിനപ്പുറം ഒരു വയലറ്റാകാശം.
വയലറ്റ് നിക്കറിന്‍റെ അറ്റം പൊന്തിച്ച്
ഇച്ചീച്ചിമുള്ളിയതപ്പടിയും വയലറ്റ്.
ഇന്നലെ
കുപ്പിയിലിട്ടുവച്ച പരല്‍മീനിന്‍റെ
കണ്ണിലും
വയലറ്റ് തിളങ്ങി.
വയലറ്റ് മഷിക്കുപ്പി
എന്‍റെ പകര്‍ത്തു ബുക്കിലേക്ക്
മറിഞ്ഞുവീണു.
വയലറ്റ് മഴ, വയലറ്റ് ഇല
വയലറ്റ് പൂന്പാറ്റ, വയലറ്റ് പാടം
വയലറ്റ് കാര്‍, വയലറ്റ് കാറ്റ്…..
നോക്കിക്കോ,
നിക്കറിന്‍റെ പോക്കറ്റിലെ
ബാക്കിനിറം
ഞാനീ വയലറ്റ് പുഴയിലൊഴുക്കും,
വൈകുന്നേരം
ആറുനിറങ്ങളുമായി
നീ പൊന്തിവരുന്നത് എനിക്കൊന്നു കാണണം
.

Saturday, May 8, 2010

തീയല്ല




കവിതകള്‍ക്ക്
എങ്ങനെയും തുടക്കമാകാമെന്ന്
തിരകളളന്നപ്പോള്‍ നമ്മള്‍ തര്‍ക്കിച്ചവശരായതാണ്.
ഇനിയുമെന്തേ പൂക്കള്‍ക്ക് നാണം ചുവന്നില്ലെയെന്നും
ഇനിയുമെന്തേ കണ്‍തടങ്ങളില്‍ നിലാമഷി മറിഞ്ഞുവീണില്ലെയെന്നും
ആദ്യവരികളെ ചുംബിച്ച് തുടങ്ങാമെന്ന്
പറഞ്ഞവളെ ......
രാവു മുഴുവന്‍ ചിണുങ്ങി പനിപിടിച്ച എന്‍റെ കവിത, തിരകളില്ലാനഗരിയില്‍
തലപ്പാവില്‍ പവിഴം തൂക്കിയ മുഗളന്‍റെ
തേരോടിയ വഴിയിലൂടെ
തീ കുടിക്കാന്‍ പോകുന്നു.

Thursday, January 14, 2010

പാണ്ഡു



ഉള്ളും പുറവും
ഉരുകിപ്പടര്‍ന്ന്
ചോരമണത്ത്
മാംസം പൊള്ളിച്ച്
സ്വയം ചത്തുമലര്‍ന്ന്
തറഞ്ഞുകയറിയിരിക്കുകയാണ്
നിന്‍റെ കുരുന്നു ഹൃദയത്തില്‍
ഞാന്‍ .
ഈയമുടഞ്ഞ വെടിയുണ്ട.

കാട്ടുതെറ്റീ,
നിന്‍റെ പുക്കിള്‍‍വടിവിലെക്ക് ഒലിച്ചിറങ്ങിയ
താപബാഷ്പങ്ങളില്‍
ആത്മഗതങ്ങള്‍ ‍‍ തര്‍പ്പണം ചെയ്ത്
ധമനിതുരങ്കത്തിലൂടെ വരെ
വെടിയുപ്പ് പടര്‍ത്തി
ഞാന്‍ പാഞ്ഞിറങ്ങുന്പോള്‍
അപരപര്‍വത്തിന്‍റെ
ആദ്യവരിയിലേക്ക് പോലും
നീ പുളയാതിരുന്നത്
എന്റെ പുറംതോടുകൊണ്ട് കണ്ടു.
ചിമിഴടയുന്ന
നിന്‍റെ കണ്ണെത്തുംവരെ
നോക്കിയിട്ടും
ഇലഞരന്പുകളില്‍
എന്‍റെ ഒരു ചുംബനവും
കത്തിയമര്‍ന്നതു കണ്ടില്ല.

തളര്‍ന്ന തലകുനിച്ച്
മരിക്കുന്നു.
പരാജിതന്‍ .
ഇനി ഞാനില്ല
നീ മാത്രം.
നിന്‍റെ മക്കള്‍ ഒരിതിഹാസം.