Tuesday, September 21, 2010

മഴവില്ല് മോഷ്ടിച്ച കുട്ടി
എന്നാലും എന്നോടിതു വേണ്ടായിരുന്നു.
മേഘങ്ങളുടെ കുടികിടപ്പുകാരനായതുകൊണ്ടാണ്
മഴവില്ലിലെ വയലറ്റ് നിറം ഞാന്‍ കട്ടെടുത്തത്.
മഴയുടെ മുഖത്ത് തേയ്ക്കാനാണെന്ന്
കള്ളവും പറഞ്ഞു.
ഇന്ന്,
അമ്മയുടെ വയലറ്റ് ഉമ്മയിലാണ്
ഞാനുണര്‍ന്നത്.
കണ്ണുതിരുമ്മി പുറത്തെത്തി നോക്കിയപ്പോഴുണ്ട്
മുറ്റത്തിനപ്പുറം ഒരു വയലറ്റാകാശം.
വയലറ്റ് നിക്കറിന്‍റെ അറ്റം പൊന്തിച്ച്
ഇച്ചീച്ചിമുള്ളിയതപ്പടിയും വയലറ്റ്.
ഇന്നലെ
കുപ്പിയിലിട്ടുവച്ച പരല്‍മീനിന്‍റെ
കണ്ണിലും
വയലറ്റ് തിളങ്ങി.
വയലറ്റ് മഷിക്കുപ്പി
എന്‍റെ പകര്‍ത്തു ബുക്കിലേക്ക്
മറിഞ്ഞുവീണു.
വയലറ്റ് മഴ, വയലറ്റ് ഇല
വയലറ്റ് പൂന്പാറ്റ, വയലറ്റ് പാടം
വയലറ്റ് കാര്‍, വയലറ്റ് കാറ്റ്…..
നോക്കിക്കോ,
നിക്കറിന്‍റെ പോക്കറ്റിലെ
ബാക്കിനിറം
ഞാനീ വയലറ്റ് പുഴയിലൊഴുക്കും,
വൈകുന്നേരം
ആറുനിറങ്ങളുമായി
നീ പൊന്തിവരുന്നത് എനിക്കൊന്നു കാണണം
.

Saturday, May 8, 2010

തീയല്ല
കവിതകള്‍ക്ക്
എങ്ങനെയും തുടക്കമാകാമെന്ന്
തിരകളളന്നപ്പോള്‍ നമ്മള്‍ തര്‍ക്കിച്ചവശരായതാണ്.
ഇനിയുമെന്തേ പൂക്കള്‍ക്ക് നാണം ചുവന്നില്ലെയെന്നും
ഇനിയുമെന്തേ കണ്‍തടങ്ങളില്‍ നിലാമഷി മറിഞ്ഞുവീണില്ലെയെന്നും
ആദ്യവരികളെ ചുംബിച്ച് തുടങ്ങാമെന്ന്
പറഞ്ഞവളെ ......
രാവു മുഴുവന്‍ ചിണുങ്ങി പനിപിടിച്ച എന്‍റെ കവിത, തിരകളില്ലാനഗരിയില്‍
തലപ്പാവില്‍ പവിഴം തൂക്കിയ മുഗളന്‍റെ
തേരോടിയ വഴിയിലൂടെ
തീ കുടിക്കാന്‍ പോകുന്നു.

Thursday, January 14, 2010

പാണ്ഡുഉള്ളും പുറവും
ഉരുകിപ്പടര്‍ന്ന്
ചോരമണത്ത്
മാംസം പൊള്ളിച്ച്
സ്വയം ചത്തുമലര്‍ന്ന്
തറഞ്ഞുകയറിയിരിക്കുകയാണ്
നിന്‍റെ കുരുന്നു ഹൃദയത്തില്‍
ഞാന്‍ .
ഈയമുടഞ്ഞ വെടിയുണ്ട.

കാട്ടുതെറ്റീ,
നിന്‍റെ പുക്കിള്‍‍വടിവിലെക്ക് ഒലിച്ചിറങ്ങിയ
താപബാഷ്പങ്ങളില്‍
ആത്മഗതങ്ങള്‍ ‍‍ തര്‍പ്പണം ചെയ്ത്
ധമനിതുരങ്കത്തിലൂടെ വരെ
വെടിയുപ്പ് പടര്‍ത്തി
ഞാന്‍ പാഞ്ഞിറങ്ങുന്പോള്‍
അപരപര്‍വത്തിന്‍റെ
ആദ്യവരിയിലേക്ക് പോലും
നീ പുളയാതിരുന്നത്
എന്റെ പുറംതോടുകൊണ്ട് കണ്ടു.
ചിമിഴടയുന്ന
നിന്‍റെ കണ്ണെത്തുംവരെ
നോക്കിയിട്ടും
ഇലഞരന്പുകളില്‍
എന്‍റെ ഒരു ചുംബനവും
കത്തിയമര്‍ന്നതു കണ്ടില്ല.

തളര്‍ന്ന തലകുനിച്ച്
മരിക്കുന്നു.
പരാജിതന്‍ .
ഇനി ഞാനില്ല
നീ മാത്രം.
നിന്‍റെ മക്കള്‍ ഒരിതിഹാസം.

Friday, January 9, 2009

നമുക്കിടയിലെ സിനിമഎന്‍റെ
അനന്തമായ മൗനങ്ങളുടെ
ബോധം ‌
ഏതോ പൂര്‍വലിപിയില്‍
ചേക്കേറുന്നതും
ഇല പകര്‍ച്ചകളില്‍
ഒരു മഴത്തുള്ളി
പിടഞ്ഞു ചാവുന്നതും
കുതിര്‍ന്ന
കടലാസു പൊതികളില്‍
കരുതി വച്ച മുട്ടായികള്‍
അലി‍ഞ്ഞൊടുങ്ങുന്നതും
നോക്കിനിന്നു.

എന്‍റെ മനസ്
ഇറുകിയ കുപ്പായത്തിനുള്ളിലായിരുന്നു
ഒന്നും ചെയ്തില്ല.
കരഞ്ഞതു പോലും.
അമ്മയുടെ കരഞ്ഞ കണ്ണുകള്‍
ഒരു ചൂണ്ടക്കൊളുത്തിന്‍റെ വേദനയില്‍
എന്നെ കോര്‍ത്തു പിടഞ്ഞു
ജലവേഗങ്ങള്‍ ഞാന്‍ മറന്നു പോയിരുന്നു.

നീ പേടിക്കും,
എനിക്കറിയാം.
16 എംഎം സിനിമയുടെ
ക്ലൈമാക്സ് കണ്ടതുപോലെ
ഇറങ്ങിപ്പോകുക.
ഒരു ഫ്രയിമും മനോഹരമാവില്ല.
അടക്കിയ നിലവിളി നീ കേള്‍ക്കില്ല.
നിഴല്‍ പോലെ കണ്ടത്
കണ്ണടയ്ക്കപ്പുറം ഉപേക്ഷിച്ചേക്കുക.
പൂവില്‍ വീണ ചോരത്തുള്ളികള്‍
തിരിച്ചു വിളിക്കില്ല
നിന്നെ.

നിശാഭരിതമായ പേരുള്ളവള്‍


തീവണ്ടിയുടെ ഒറ്റക്കണ്ണിന്‍റെ
ഗാഢതയെ...
രഥവേഗഗരിമയെ...
ചക്രങ്ങളുടെ ഇമവേഗങ്ങള്‍ തീര്‍ത്ത
താള ചാരുതയെ...
പ്രണയിച്ചു അവള്‍.
നിശാഭരിതമായ പേരുള്ളവള്‍.

തീവണ്ടിയിരന്പങ്ങളില്‍
ഗൃഹാതുരത്വങ്ങളിലേക്ക്
മിഴിയോര്‍ത്ത്,
ഏകാന്തതകളെ അപായച്ചങ്ങലകളില്‍
തൂക്കിയിടാതെ,
മഴക്കാഴ്ചകളുടെ ചിത്രശില്പത്തിലേക്ക്
വിന്‍ഡോഷീല്‍ഡ് തുറന്നിടുന്നു.
നിശാഭരിതമായ പേരുള്ളവള്‍.

ചടുലമാര്‍ന്ന സംസാരങ്ങളില്‍
മാത്രം
തീവണ്ടിയിണക്കങ്ങള്‍......
മറ്റൊക്കെയും
ദിശായന്ത്രങ്ങള്‍ നഷ്ടമായ
പായ് വഞ്ചിപോലെ ഒഴുകിയിറങ്ങിപ്പോകുന്നു.
അവളില്‍...

കീഴടക്കലിന്‍റെ പൊയ്ക്കാലുകളില്‍
ഞാന്‍
പാളം മുറിച്ചുകടക്കുന്പോള്‍,
എന്‍ജിന്‍ ഡ്രൈവറിന്‍റെ
നിസംഗമായ ഏകാന്തതയറിയുന്നുവെന്ന്
പറഞ്ഞവള്‍....
ജമന്തിമണങ്ങള്‍ പേറി
പായുന്ന വണ്ടിയിലിരുന്നാണ്
കണ്ണീരൊപ്പിയത്...
അന്ന്
അപായച്ചങ്ങലയില്‍
കൈയ്യെത്തിയില്ല.

ഓര്‍മയിരന്പങ്ങളുടെയും
വരണ്ടപഠനക്കാലത്തിന്‍റെയും
ഇടയിലൂടെ
ദൂരങ്ങളിലേക്ക് പായുന്ന
ഒറ്റവരിപ്പാതയാണ്
കവിത...
നിശാഭരിതമായ പേരുള്ളവളെക്കുറിച്ച്.............

Thursday, January 8, 2009

തിയോ വാന്‍ഗോഗിന്

തിരശീലയ്ക്കു തീപ്പിടിപ്പിച്ച
‌അവന്‍റെ സിനിമ‌
പൊടുന്നനെയാണ് തുടങ്ങിയത്.
കഥാപാത്രങ്ങളൊക്കെ
തിരയിരന്പം നിറഞ്ഞ കണ്ണുകളാല്‍
ഇടയ്ക്കിടെ
തിരശീലയില്‍ വന്ന്
കാണികളെ തുറിച്ചു നോക്കിയിരുന്നു…


കലാപങ്ങളുടെ കാലം വരുമെന്ന്
അവര്‍ നിശബ്ദമായി.
കഠാരമൂര്‍ച്ചയുള്ള ഫ്രയിമുകള്‍
നിമിഷങ്ങളുടെ ഇടവേളയില്‍
തിരശീലയിലേക്കു തെറിച്ചു വന്നു.
കാണികള്‍,
കാഴ്ചയുടെ മഹാമൗനത്തിലേക്ക്
പോട്ടിവീണു, നിലവിളിച്ചു.


അവര്‍ക്കിടയില്‍
തിരിച്ചറിയപ്പെട്ട്
അവനുമുണ്ടായിരുന്നു.
അവന്‍റെ കൈയ്യൊപ്പുള്ള
അവസാന ഫ്രയിമിലേക്ക്
ഒരു ഉടലില്ലാത്ത തല തെറിച്ചെത്തി
അവന്‍റെ!


പുഷ്പിച്ച മെഴുകുതിരികള്‍
അവന്‍റെ നെഞ്ചില്‍ കുത്തിനിര്‍ത്താന്‍
ഞാന്‍ പണിപ്പെട്ടു.
മരിച്ചവരുടെ സമുദ്രമെന്ന വീശിയെറിഞ്ഞു
പലപ്പോഴും.
ലവണ ഗന്ധമുള്ള കടല്‍ക്കിഴവന്‍റെ
ഉരുവേറി തീരമണിഞ്ഞു.
(മരണനേരം നാവിലുപ്പെന്ന്
മരിച്ചു പോയ കവിത)


ഒരു കടല്‍ ദൂരമപ്പുറം കണ്ടു
അവനൊരു തിര.
തിരയിലൊരു പേര്.
തിയോവാന്‍ഗോഗ്
അവനൊഴിഞ്ഞ് മറ്റൊരു തിര
കെന്‍സാരോവിവ.
ഒരു മിഴിദൂരമിപ്പുറം തീരത്ത്
തിരയാവാനായിരം പേര്‍
എംഎഫ്, റുഷ്ദി, തസ്ലിമ
തിരയിരന്പം തീര്‍ത്തവര്‍
തിരയാവാതിരിക്കട്ടെ.

van Gogh created the 10-minute movie Submission. The movie deals with the topic of violence against women in some Islamic societies; telling the stories of four abused Muslim women .He has been killed because of this

അവസാന മുന്നറിയിപ്പ്വല്ലാതെ
കറുത്തുപോയ
നിന്‍റെ മിഴികളില്‍
ഒരു റെയില്‍ തുടങ്ങുന്നു.
ഭൂഗോളത്തിന്‍റെ
വിളുന്പില്‍
ഒടുങ്ങുകയും.
അകലെ
നിന്‍റെ കാഴ്ചയുടെ അറ്റത്ത്
എന്‍റെ തീവണ്ടിക്കണ്ണിന്‍റെ
റെറ്റിനയില്‍ പതിയുന്നുണ്ട്.
നിന്‍റെ കരിങ്കടല്‍.

കാഴ്ചയുടെ
ഈ കടല്‍ ദൂരം താണ്ടാന്‍
എനിക്ക്
നിന്‍റെ നനഞ്ഞ നോട്ടം മതി.
പകരം,
കപടസ്നേഹത്തിന്‍റെ
കറുപ്പറ്റ ലെന്‍സുകള്‍
മിഴിയില്‍ തിരുകേണ്ട.

അവസാനത്തെ അക്കവും
ഭേദിച്ചു കൊണ്ട്
നിന്‍റെ കാഴ്ചയുടെ
ബാരോമീറ്റര്‍ തകര്‍ത്ത്
അപായച്ചങ്ങലയില്ലാത്ത‌
പാളം തെറ്റാത്ത
വണ്ടി
തലയുടച്ചു കടന്നു പോകും.
My train wheels hasn’t a heart