Tuesday, September 21, 2010

മഴവില്ല് മോഷ്ടിച്ച കുട്ടി




എന്നാലും എന്നോടിതു വേണ്ടായിരുന്നു.
മേഘങ്ങളുടെ കുടികിടപ്പുകാരനായതുകൊണ്ടാണ്
മഴവില്ലിലെ വയലറ്റ് നിറം ഞാന്‍ കട്ടെടുത്തത്.
മഴയുടെ മുഖത്ത് തേയ്ക്കാനാണെന്ന്
കള്ളവും പറഞ്ഞു.
ഇന്ന്,
അമ്മയുടെ വയലറ്റ് ഉമ്മയിലാണ്
ഞാനുണര്‍ന്നത്.
കണ്ണുതിരുമ്മി പുറത്തെത്തി നോക്കിയപ്പോഴുണ്ട്
മുറ്റത്തിനപ്പുറം ഒരു വയലറ്റാകാശം.
വയലറ്റ് നിക്കറിന്‍റെ അറ്റം പൊന്തിച്ച്
ഇച്ചീച്ചിമുള്ളിയതപ്പടിയും വയലറ്റ്.
ഇന്നലെ
കുപ്പിയിലിട്ടുവച്ച പരല്‍മീനിന്‍റെ
കണ്ണിലും
വയലറ്റ് തിളങ്ങി.
വയലറ്റ് മഷിക്കുപ്പി
എന്‍റെ പകര്‍ത്തു ബുക്കിലേക്ക്
മറിഞ്ഞുവീണു.
വയലറ്റ് മഴ, വയലറ്റ് ഇല
വയലറ്റ് പൂന്പാറ്റ, വയലറ്റ് പാടം
വയലറ്റ് കാര്‍, വയലറ്റ് കാറ്റ്…..
നോക്കിക്കോ,
നിക്കറിന്‍റെ പോക്കറ്റിലെ
ബാക്കിനിറം
ഞാനീ വയലറ്റ് പുഴയിലൊഴുക്കും,
വൈകുന്നേരം
ആറുനിറങ്ങളുമായി
നീ പൊന്തിവരുന്നത് എനിക്കൊന്നു കാണണം
.